ഈ നീണ്ട പാതയില്‍ അവിടെത്തുടങ്ങി
യിന്നിവിടം വരെ ഞാന്‍ യാത്ര ചെയ്യുന്നതില്‍
ഒരുപാട് പുല്ലും മരങ്ങളും ചെടികളും
പിന്നോട്ട് പോയി മറയുന്ന വേളയില്‍
ഒരുപാട് പേരെ കണ്ടുമുട്ടി ഞാന്‍,
ഒരുപാട് പേരുടെ പാട്ട് കേട്ടു.
ഒരുപാട് ചിരികളില്‍ പങ്കുകൊണ്ടു ഞാന്‍,
ഒരുപാട് ഈരടികളില്‍ താളം പിടിച്ചു.
എന്‍ യാത്ര വേളകളില്‍ തങ്ങി ഞാന്‍ പലവട്ടം
പലതരം സത്ര സമ്മുച്ചയങ്ങളിലും
ഒരുപാട് പേരവിടെ തങ്ങുന്നു കൂടുന്നു
നേരം പുലര്‍ന്നിറ്റ് യാത്രയാകും വരെ
പല ദേശം ഒരു ദിക്കില്‍ ഒത്തുചേരുന്നു,
പിരിയുന്നു പലതും പങ്കുവെച്ചിട്ടും.
കഠിനമാം വെയിലിലെ, മഴയിലെ യാത്രികര്‍,
പലതും മനസ്സില്‍ വിങ്ങിപുകഞ്ഞവര്‍,
മോദവും സമയവും തേടിയെത്തുന്നവര്‍,
പലദേശ ഭാഷകള്‍ തേടി എത്തുന്നോരും.
ഒരുനേരം തലചായ്ച്ച സത്രത്തിലവരുടെ
പലനേരം പങ്കിട്ട ഞാനും ഒരു യാത്രികന്‍.
അവിടെനിന്നും പാതയോരത്ത് നിന്നും,
പലസഹയത്രികര്‍ വന്നുചേരുന്നു.
ചില ദൂരം പലനേരം ചേര്‍ന്നു എന്‍ തോളോട്,
പല വളവുകള്‍ വരെ, ചില ഇട വഴികള്‍ വരെ.
"പിന്നീട് കാണാം" എന്നൊരു വാക്ക്, ചൊന്നവര്‍-
മറയുന്ന ദിശയിലായി ചിലചോദ്യ-
ചിഹ്നങ്ങള്‍ ചെറുതായി ചിരിക്കുന്നു,
എന്തിനു കണ്ടുമുട്ടി നാം സോദരാ ?
എവിടെ വച്ചെങ്കിലും കാണുമോ നാമിനി ?
നീ നിന്‍റെ സമയങ്ങള്‍ എനിക്ക് തന്നതിനും,
ഞാനെന്‍റെ സമയങ്ങള്‍ നിനക്ക് തന്നതിനും,
എന്തര്‍ത്ഥമുണ്ടിന്നു ഈ ഒരു വേളയില്‍?
ശ്രമിച്ചില്ല ഞാനിന്നും തിരിഞ്ഞൊന്നു നോക്കുവാന്‍
എങ്കിലും നിന്‍റെ ചില വീഴ്ചയില്‍ ഒരു താങ്ങ്
എന്‍ ചുമല്‍ ആയതില്‍ ഞാനിന്ന് അഭിമാനപുളകിതനാവുന്നു .
ഇതുപോലെ മറ്റൊരു സഹയാത്രികന്‍ നിന-
ക്കൊരു ചുമല്‍ തരുന്നൊരു നേരത്ത് നീ എന്നെ ഓര്‍ക്കു-
മെന്നൊരു നേര്‍ത്ത സന്തോഷത്തില്‍
ഞാന്‍ നടന്ന്‍ അകലട്ടെ, ഈ നീണ്ട പാതയില്‍....
അറിയില്ല ഇനിയാര്‍ക്കു വേണ്ടിവരുമെന്‍ ചുമലെന്നു
ഇതുമറിയില്ല, എന്നെന്‍റെ കൈകള്‍ക്ക് കിട്ടിമൊരു ചുമലെന്നും.
ഒരു പക്ഷെ ഇതൊന്നുമുണ്ടാകില്ലയെങ്കിലും,
ഒരു പക്ഷെ ആ വളവിലീ വഴി തീര്‍ന്നു പോകിലും,
നടക്കണം എനിക്കീവഴിയെ മുന്നോട്ട്
ഒരു 'സത്ര'ചിത്രം മനസ്സില്‍ വരച്ചങ്ങു ചേര്‍ത്ത് ഇട്ടിട്ടു.
കാരണം ഞാന്‍ ഈ വഴിയിലെ യാത്രികന്‍
ഈ പുതു വഴിയിലെ യാത്രികന്‍.
24/07/2010 [9:05pm]
Comments
Post a Comment