ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.
Comments
Post a Comment